Join Our Sports WhatsApp Group Click Here

നിങ്ങളുടെ ഐഫോൺ, ആന്‍ഡ്രോയിഡ് ഫോണിൽ വൈറസ് ഉണ്ടോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ…


ലോകത്ത് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഏകദേശം 84 ശതമാനം ആളുകളുടെയും കൈകളില്‍ സ്മാര്‍ട്ഫോണ്‍ എത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഈ സംഖ്യ അനുദിനം ഉയരുകയും ചെയ്യുന്നു. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഹാക്കര്‍മാര്‍ക്ക് സ്മാര്‍ട്ഫോണുകളില്‍ താൽപര്യം ഉണര്‍ന്നില്ലെങ്കിലല്ലെ ഉള്ളൂ അദ്ഭുതം.

അതായത് ആന്‍ഡ്രോയ്ഡ് ഫോണുകളും ഐഫോണുകളും വിവിധതരം തട്ടിപ്പുകളുടെ അരങ്ങായി മാറുകയുമാണ് എന്നാണ് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നത്. സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പര്‍സ്‌കിയുടെയു റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ മാത്രം ഏകദേശം 35 ലക്ഷം ദുഷ്ടലാക്കോടെയുള്ള ആക്രമണങ്ങളാണ് സ്മാര്‍ട്ഫോണുകള്‍ക്കു നേരെ തൊടുത്തത്. നിങ്ങളുടെ ഫോണിനും ആക്രമണകാരികള്‍ ഇളവൊന്നും തരില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.


വൈറസ് വാഹകരായി സ്പാം

ഫോണുകളില്‍ നമുക്ക് എസ്എംഎസ് ആയും ഇമെയിലായും കിട്ടുന്ന സ്പാം സന്ദേശങ്ങളില്‍ പലതും വൈറസുകളിലേക്കുള്ള ചാലുകളാണ്. ദുഷ്ടലാക്കോടെയുള്ള പ്രവര്‍ത്തിക്കുന്ന ഇത്തരം സോഫ്റ്റ്‌വെയര്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എന്ന് സുരക്ഷാ കമ്പനികള്‍ പറയുന്നു. അതിനാല്‍ തന്നെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നിങ്ങളുടെ ഫോണിലും അത്തരം ഒന്ന് കയറിക്കൂടാനുള്ള സാധ്യത വളരെയധികമാണ്. സിംപിരിയം (Zimperium) എന്ന കമ്പനി ആഗോള തലത്തില്‍ നടത്തിയ പഠനം പ്രകാരം ലോകത്തെ അഞ്ചില്‍ ഒന്നു ഫോണുകളെങ്കിലും ഏതെങ്കിലും സമയത്ത് വൈറസുകളുമായി സന്ധിച്ചിട്ടുണ്ടാകാം. ലോകത്തുള്ള 10ല്‍ 4 ഫോണുകളും സൈബര്‍ ആക്രമണങ്ങളാല്‍ ഭേദിക്കപ്പെടാവുന്നവയുമാണെന്നും കമ്പനി പറയുന്നു.

നിങ്ങളുടെ ഫോണിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ടോ?

നിങ്ങളുടെ ഫോണിനു നേരെയും ആക്രമണം ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്. വൈറസ് ഫോണില്‍ കയറിക്കൂടിയിരിക്കാനും വഴിയുണ്ട്. എതൊക്കെയാണ് ഒരു ഫോണിലേക്ക് വൈറസ് കയറുന്ന വഴികള്‍? ക്യംപ്യൂട്ടറുകളെ കീഴടക്കുന്നതു പോലെ സ്മാര്‍ട്ഫോണുകളെയും വൈറസുകള്‍ കീഴടക്കുന്ന ഒരു കാലത്തേക്കാണ് നാം നീങ്ങുന്നത്. ഉദാഹരണത്തിന് 2016ല്‍ പ്രചരിച്ച ഹമിങ്ബാഡ് (HummingBad) വൈറസ് ഏകദേശം 1 കോടി ആന്‍ഡ്രോയിഡ് ഫോണുകളെയാണ് ആദ്യ മാസങ്ങളില്‍ തന്നെ ബാധിച്ചത്. കൂടാതെ, ഏകദേശം 85 ശതമാനം മറ്റു ഫോണുകളെക്കൂടെ കീഴ്‌പ്പെടുത്താനുള്ള കരുത്തും അതിനുണ്ടായിരുന്നു.

കംപ്യൂട്ടര്‍ വൈറസുകളെപ്പോലെ തന്നെ പ്രവര്‍ത്തനം

സ്മാര്‍ട്ട്‌ഫോണ്‍ വൈറസുകളും കംപ്യൂട്ടര്‍ വൈറസുകള്‍ക്ക് സമാനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്-ഒരു കോഡ് ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഒരു ഉപകരണത്തില്‍ നിന്ന് സ്വയം പകര്‍പ്പുണ്ടാക്കി ഓട്ടോ മെസേജിങ് വഴിയും ഓട്ടോ ഇമെയില്‍ വഴിയും മറ്റും നിങ്ങളുടെ ഫോണിലെ കോണ്ടാട്‌സിന്റെ ഫോണുകളിലേക്കും മറ്റും വ്യാപിക്കുന്നു. ഇത്തരം വൈറസുകള്‍ക്ക് ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു കൂടാതെ, വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് പകര്‍ത്തി നല്‍കാനുള്ള ശേഷിയും ഉണ്ടായിരിക്കും. വൈറസിനെ സൃഷ്ടിച്ചയാള്‍ക്ക് നിങ്ങളുടെ സ്‌ക്രീനില്‍ നടക്കുന്ന കാര്യങ്ങള്‍ കാണാനും നിങ്ങള്‍ കീബോഡില്‍ ടൈപ്പു ചെയ്യുന്നത് രേഖപ്പെടുത്തിയെടുക്കാനും വരെ സാധിച്ചേക്കാം.


വൈറസ് പ്രവേശിക്കുന്നത് ആന്‍ഡ്രോയിഡ് ഫോണിലല്ലേ?

ഓസ്‌ട്രേലിയയിലെ സ്‌കാംവാച്ച് (Scamwatch) അധികൃതര്‍ക്ക് 2021ല്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം വെറും എട്ടാഴ്ചയ്ക്കുള്ളില്‍ ഫ്‌ളുബോട്ട് (Flubot) വൈറസ് 16,000 ഫോണുകളെ ബാധിച്ചു. ഇവയില്‍ ഐഫോൺ എന്നോ ആന്‍ഡ്രോയിഡ് എന്നോ വേര്‍തിരിവൊന്നും ഉണ്ടായിരുന്നില്ല. അയച്ചു കിട്ടുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്തവരുടെയൊക്കെ ഫോണുകളിലേക്ക് വൈറസുകള്‍ നുഴഞ്ഞുകയറി. പലരുടെയും ഫോണുകളിലേക്ക് അവരുടെ അനുമതിയില്ലാതെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ഇതാകട്ടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതും ആയിരുന്നു. ഫളുബോട്ട് തട്ടിപ്പുകാര്‍ അവരുടെ ആക്രമണങ്ങള്‍ ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്ക് പതിവായി മാറ്റിക്കൊണ്ടിരിക്കും. ഓസ്‌ട്രേലിയ, ജര്‍മനി, പോളണ്ട്, സ്‌പെയ്ന്‍, ഓസ്ട്രിയ, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് 2021 ഡിസംബര്‍ 1 മുതല്‍, 2022 ജനുവരി 2 വരെ ആക്രമണങ്ങള്‍ നടത്തിയത്.

ഐഫോണ്‍ ആണോ ആന്‍ഡ്രോയിഡ് ഫോണാണോ സുരക്ഷിതം?
ആന്‍ഡ്രോയിഡ് ഫോണുകളേക്കാള്‍ സുരക്ഷിതമാണ് ഐഫോണുകളെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍, അധിക ആപ്പുകള്‍ പണം നല്‍കാതെ ഇന്‍സ്റ്റോള്‍ ചെയ്യാനും മറ്റുമായി തങ്ങളുടെ ഐഫോണ്‍ ‘ജെയില്‍ബ്രെയ്ക്’ (ആപ്പിളിന്റെ പ്രതിരോധ വ്യവസ്ഥ തകര്‍ക്കുക) ചെയ്യുന്ന ഐഫോണുകള്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാം എന്ന് വിദഗ്ധര്‍ പറയുന്നു. അതുപോല തന്നെ ഗൂഗിള്‍ പ്ലേസ്റ്റോറിനു വെളിയില്‍ നിന്നുള്ള ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ഭേദ്യത വര്‍ദ്ധിക്കും. അതിനാല്‍ തന്നെ രണ്ടു ഓഎസിലും പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ അരുതാത്ത വഴികളില്‍ സഞ്ചരിക്കരുതെന്നു പറയുന്നു.


പിസികളെക്കാള്‍ സുരക്ഷിതം 🤔

ഇതൊക്കെയാണെങ്കിലും വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ ചാടിക്കയറി പാര്‍പ്പു തുടങ്ങുന്നതുപോലെ ഫോണുകളിലേക്ക് വൈറസുകള്‍ക്ക് കയറിക്കൂടല്‍ സാധ്യമല്ലെന്നും പറയുന്നു. അതിന്റെ കാരണം ഫോണുകളിലെ ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് ഔദ്യോഗിക ആപ്പ് സ്‌റ്റോറുകള്‍ വഴിയാണ് എന്നതാണ്. ഇവയെല്ലാം തന്നെ അതത് ആപ്പ് സ്റ്റോറുകള്‍ പരിശോധിക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ദുരുദ്ദേശത്തോടെ ഇറക്കുന്ന ആപ്പുകളും സ്റ്റോറുകളില്‍ എത്തും. അതുകൂടാതെ, ഫോണുകളിലെ ആപ്പുകളെ സാന്‍ഡ്‌ബോക്‌സ് ചെയ്തിരിക്കുന്നു. എന്നു പറഞ്ഞാല്‍, അവയ്ക്ക് അവയുടെ കാര്യം നോക്കാനെ അനുമതിയുള്ളു. എന്നാല്‍, ഇതൊന്നും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നും ഇല്ല.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക:

ഫോണില്‍ വൈറസ് കയറിയോ എന്ന് പറയുക എപ്പോഴും എളുപ്പമായിരിക്കില്ല. അതേസമയം, ചില സൂചനകള്‍ ലഭിച്ചേക്കാം. ഉദാഹരണത്തിന്:

  •   പെട്ടെന്നൊരു ദിവസം ആപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ നേരതത്തേതിനേക്കാള്‍ കാലതാമസം കാണിക്കുന്നു
  •  ബാറ്ററി അതിവേഗം തീരുന്നു (പിന്നാമ്പുറത്തിരുന്ന് വൈറസ് പണി തുടരുന്നതിനാലാകാം.
  •  പതിവിലേറെ ഡേറ്റാ തീരുന്നു
  • അപ്രതീക്ഷിത മൊബൈല്‍ ബില്ലുകള്‍ വരുന്നു (മാല്‍വെയര്‍ അധിക ഡേറ്റാ ഉപയോഗിക്കുന്നുണ്ടാകാം.
  •  എവിടെ നിന്ന് എന്നറിയാതെ പോപ്-അപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു
  •  ഫോണ്‍ അനാവശ്യമായി ചൂടാകുന്നു
  • ഇങ്ങനെ ഫോണിന് വൈറസ് പ്രശ്‌നങ്ങളുണ്ടെന്നു തോന്നിയാല്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
  •  വിശ്വസിക്കാവുന്ന ഒരു ആന്റിവൈറസ് ആപ്പ് ഉപയോഗിച്ച് ഫോണ്‍ സ്‌കാന്‍ ചെയ്യുക. അവാസ്റ്റ്, എവിജി, ബിറ്റ്ഡിഫെന്‍ഡര്‍, മാക്കഫി, നോര്‍ട്ടണ്‍ തുടങ്ങിയവ ഉദാഹരണം.
  •  ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ സ്റ്റോറേജും ക്യാഷും ക്ലിയര്‍ ചെയ്തു നോക്കുക. ആപ്പിള്‍ ഉപകരണങ്ങളിലെ ബ്രൗസറുകളിലെ വെബ്‌സൈറ്റ് ഡേറ്റയും ക്യാഷും കളഞ്ഞ് വൃത്തിയാക്കുക.
  •  ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും റീസ്റ്റാര്‍ട്ട് ചെയ്യുക.
  •  ഫോണുകളിലുള്ള ആപ്പുകളെല്ലാം സശ്രദ്ധം പരിശോധിക്കുക. നിങ്ങള്‍ക്ക് പരിചയമില്ലാത്ത ആപ്പുകള്‍ കണ്ടെങ്കില്‍ ഡിലീറ്റു ചെയ്യുക. സെയ്ഫ് മോഡില്‍ ഫോണ്‍ പ്രവര്‍ത്തിപ്പിച്ച ശേഷം ഡിലീറ്റു ചെയ്യുന്നതാണ് ഉചിതം.
  •  ഇതൊന്നും കൊണ്ട് രക്ഷയില്ലെങ്കില്‍ ഫോണില്‍ നിന്ന് വേണ്ട ഡേറ്റാ എല്ലാം പകര്‍ത്തിയെടുക്കുക. തുടര്‍ന്ന് ഫാക്ടറി റീസെറ്റ് നടത്തുക. ഇതോടെ മാല്‍വയെര്‍ പ്രശ്‌നം പൊതുവെ അവസാനിക്കും.

Post a Comment