ആധാർ കാർഡ് വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയാണ്. പേര്, വിലാസം, ഫോൺ നമ്പർ, വിരലടയാളം തുടങ്ങി നിരവധി പ്രധാന വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇതില്ലാതെ പല പ്രവൃത്തികളും പൂർത്തീകരിക്കാനാവില്ല. എന്നാൽ നിങ്ങളുടെ ആധാർ തെറ്റായ കൈകളിൽ അകപ്പെട്ടാൽ, അയാൾക്ക് അത് ദുരുപയോഗം ചെയ്യാനും കഴിയും. അതുകൊണ്ടാണ് ആരെങ്കിലും നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് അറിയേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ ആധാർ മറ്റാരും ഉപയോഗിക്കുന്നില്ലെന്ന് വളരെ എളുപ്പത്തിൽ അറിയാൻ കഴിയും. ആധാർ കൈകാര്യം ചെയ്യുന്ന യുനീക് ഐഡന്റിഫികേഷൻ അതോറിറ്റി ഓഫ് ഇൻഡ്യ (യുഐഡിഎഐ) നിങ്ങളുടെ ആധാർ എപ്പോൾ എവിടെയാണ് ഉപയോഗിച്ചതെന്ന് വളരെ എളുപ്പത്തിൽ കണ്ടെത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
എങ്ങനെ അറിയാം?
1. ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (https://resident(dot)uidai(dot)gov(dot)in/) ക്ലിക് ചെയ്യുക.
2. ഇവിടെ 'My Adhaar' എന്നതിന് കീഴിലുള്ള 'Aadhaar Authentication History' ഓപ്ഷനിൽ ക്ലിക് ചെയ്യുക.
3. ബോക്സിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പറും പേജിൽ കാണുന്ന കോഡും നൽകുക. ഇനി send OTP ക്ലിക് ചെയ്യുക.
4. ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിൽ ഒരു OTP വരും. ഒടിപി നൽകിയ ശേഷം, നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും
5. അതിൽ തീയതി, ശ്രേണി, റെകോർഡുകളുടെ എണ്ണം തുടങ്ങിയ എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിക്കുക. OTP യും നൽകുക. അതിനുശേഷം 'submit' എന്നതിൽ ക്ലിക് ചെയ്യുക.
6. നിങ്ങളുടെ ആധാറിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും.
നിങ്ങൾക്ക് പരാതിപ്പെടാം
ഈ രീതിയിൽ, കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നിങ്ങളുടെ ആധാർ ഉപയോഗത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. ലിസ്റ്റ് കാണുമ്പോൾ നിങ്ങളുടെ ആധാർ എവിടെയെങ്കിലും ദുരുപയോഗം ചെയ്യപ്പെട്ടതായി തോന്നിയാൽ പരാതി നൽകാം. uidai യുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ 1947 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ പരാതി നൽകാം.